ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ച ആദ്യത്തെ ഇന്ത്യന്‍ വനിത. 'ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധീരവനിത', 'ഇന്ത്യയുടെ വാനമ്പാടി' എന്നീ വിശേഷണങ്ങള്‍ക്കുടമ. സ്വതന്ത്ര ഇന്ത്യയിലെ ആദ്യവനിതാഗവര്‍ണര്‍. ഹൈദരാബാദ് നിസാംസ് കോളജ് പ്രിന്‍സിപ്പലായ അഘോര്‍നാഥ് ചതോപാധ്യായയുടെയും കവയിത്രിയായ വരദസുന്ദരിയുടെയും മൂത്ത പുത്രിയായി ഹൈദരാബാദില്‍ 1879 ഫെ. 13-ന് ജനിച്ചു. ബംഗാളില്‍ നിന്നും ഹൈദരാബാദിലേക്ക് കുടിയേറിയ ബ്രാഹ്മണ കുടുംബമായിരുന്നു ഇവരുടേത്. മദ്രാസ്, ലണ്ടന്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തിയ സരോജിനി പഠനകാലത്ത് കവിതാരചനയില്‍ മികവ് പ്രകടിപ്പിച്ചിരുന്നു. മെട്രിക്കുലേഷന്‍ ഒന്നാം റാങ്കോടെ പാസ്സായി. പിന്നീട് റോയല്‍ ലിറ്റററി സൊസൈറ്റി അംഗമായ ഇവര്‍ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടി. 1898-ല്‍, മിശ്രവിവാഹം അസാധാരണമായിരുന്ന കാലത്ത്, ജാതിവ്യവസ്ഥയെ എതിര്‍ത്തുകൊണ്ട് അബ്രാഹ്മണനായ ഗോവിന്ദ രാജമോര്‍ നായിഡുവിനെ വിവാഹം കഴിച്ചതോടെ ഇവര്‍ സരോജിനി നായിഡുവായി. ഗാന്ധിജി, ഗോഖലെ എന്നിവരുടെ സ്വാധീനംമൂലം ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടയായ ശ്രീമതി നായിഡു ജീവിതാന്ത്യം വരെ പൊതുരംഗത്ത് സജീവമായിരുന്നു. റൗലത്ത് ആക്റ്റില്‍ പ്രതിഷേധിച്ച് ഗാന്ധിജിക്കൊപ്പം അണിനിരന്ന ആദ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തകയായ ശ്രീമതി നായിഡു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നിസ്സഹകരണപ്രസ്ഥാനം, നിയമനിഷേധ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയില്‍ നിര്‍ണായക പങ്കു വഹിക്കുകയുണ്ടായി.
1924-ല്‍ കാണ്‍പൂരില്‍ കൂടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനം ശ്രീമതി നായിഡുവിന് അധ്യക്ഷ പദവി നല്കി ബഹുമാനിച്ചു. 1928-29 കാലയളവില്‍ യു.എസ്സില്‍ നടത്തിയ പ്രഭാഷണങ്ങളിലൂടെ ദേശീയ പ്രസ്ഥാനത്തെക്കുറിച്ച് അമേരിക്കന്‍ ജനതയെ ബോധവത്കരിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. ദേശീയ പ്രസ്ഥാനത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി നായിഡു സ്ത്രീ വിമോചനം, സാമൂഹിക പരിഷ്കരണം, സാഹിത്യം എന്നീ മേഖലകളിലും സജീവമായിരുന്നു. സ്ത്രീകള്‍ക്കു വോട്ടവകാശം അനുവദിച്ചു കിട്ടണമെന്ന നിവേദനം 1917-ല്‍ മൊണ്ടേഗുവിന് സമര്‍പ്പിച്ച പ്രതിനിധി സംഘത്തെ നയിച്ചത് സരോജിനിയാണ്. ദണ്ഡിയാത്രയില്‍ (1930) പുരുഷന്മാരെ മാത്രം ഉള്‍പ്പെടുത്താനാണ് ഗാന്ധിജി ആദ്യം തീരുമാനിച്ചതെങ്കിലും സ്ത്രീപക്ഷവാദിയായ സരോജിനിയുടെ ശക്തമായ ഇടപെടല്‍ മൂലം സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തുവാന്‍ ഗാന്ധിജി തയ്യാറായി. ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി സൂററ്റ് ജില്ലയിലെ ദര്‍ശനയിലുള്ള ഉപ്പു പണ്ടകശാല സമാധാനപരമായി കൈവശപ്പെടുത്തുവാന്‍ ഗാന്ധിജി നിശ്ചയിച്ചെങ്കിലും ദര്‍ശനയിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനു മുമ്പ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. തുടര്‍ന്ന് ദര്‍ശനയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയത് നായിഡുവാണ്. Sarojini Naidu.png സ്വാതന്ത്ര്യ ലബ്ധിയെത്തുടര്‍ന്ന് യു.പി. സംസ്ഥാനത്തിന്റെ ഗവര്‍ണറായി നായിഡു നിയമിക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാഗവര്‍ണറായിരുന്നു ഇവര്‍. കവിതയുടെ ഉപാസകയായ ഇവര്‍ 'ഇന്ത്യയുടെ വാനമ്പാടി' എന്നാണ് അറിയപ്പെട്ടത്. പദ്യഗദ്യസാഹിത്യരംഗത്തെ സംഭാവനകള്‍ മാനിച്ച്, ഗാന്ധിജി 'ഭാരതകോകിലം' എന്ന പേരും നല്കിയിട്ടുണ്ട്.
ദി ഇന്ത്യന്‍ ലേഡീസ് മാഗസിനിലാണ് ഇവരുടെ ആദ്യകാല കവിതകളേറെയും പ്രസിദ്ധീകരിക്കപ്പെട്ടത്. 1905-ല്‍ ആദ്യ കവിതാ സമാഹാരമായ ദ് ഗോള്‍ഡന്‍ ത്രെഷോള്‍ഡ് പ്രസിദ്ധപ്പെടുത്തി. ബേഡ് ഒഫ് ദ് ടൈം, ഒടിഞ്ഞചിറക്, പുലരിയുടെ തൂവലുകള്‍ എന്നിവയാണ് പ്രസിദ്ധ കവിതാസമാഹാരങ്ങള്‍. ഇന്ത്യന്‍ ഇംഗ്ലീഷ് കാവ്യലോകത്തെ മികച്ച രചനകള്‍ക്കുടമയായ ഇവരുടെ കവിതകളുടെ സമ്പൂര്‍ണസമാഹാരമാണ് രാജകീയമുരളി.
1949 മാ. 2-ന് സരോജിനി നായിഡു അന്തരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ