ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1942-ല്‍ നടന്ന ദേശീയ പ്രക്ഷോഭണം. 'ക്വിറ്റ് ഇന്ത്യ' (Quit India - ഇന്ത്യ വിടുക) എന്നതായിരുന്നു സമരത്തിന്റെ മുദ്രാവാക്യം. ബ്രിട്ടീഷുകാര്‍ ഉടന്‍തന്നെ ഇന്ത്യ വിട്ടുപോകണമെന്ന ആവശ്യവുമായി രാജ്യവ്യാപകമായി അക്രമരഹിതസമരം സംഘടിപ്പിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
ഇന്ത്യയ്ക്ക് രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നുള്ള മോചനം മുമ്പെന്നത്തെക്കാളുമധികം പ്രാധാന്യമുള്ള ഒരാവശ്യമായി തീര്‍ന്നു. ഇന്ത്യയെ യുദ്ധരാഷ്ട്രമാക്കിക്കൊണ്ടുള്ള വൈസ്രോയിയുടെ പ്രഖ്യാപനം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിനു ശക്തികൂട്ടുകയും അതിനു ചില സവിശേഷതകള്‍ ചേര്‍ക്കുകയും ചെയ്തു. ഇന്ത്യയെ തുല്യനിലയില്‍ കണക്കാക്കാന്‍ ബ്രിട്ടന്‍ തയ്യാറായില്ലെങ്കില്‍ യുദ്ധത്തില്‍ ബ്രിട്ടനുമായി സഹകരിക്കുക സാധ്യമല്ലെന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ നിലപാട്. യുദ്ധാനന്തരം കൂടുതല്‍ സൗജന്യങ്ങള്‍ അനുവദിക്കാമെന്നായിരുന്നു ബ്രിട്ടന്റെ വാഗ്ദാനം. യുദ്ധാനന്തരം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ഉത്തരവാദപ്പെട്ട ഒരു ദേശീയ ഗവണ്‍മെന്റ് രൂപവത്കരിക്കുകയും ചെയ്താല്‍ യുദ്ധത്തില്‍ ബ്രിട്ടനുമായി സഹകരിക്കാമെന്ന് 1940 ജൂലായില്‍ പൂണെയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രമേയം പാസാക്കി. ആഗസ്റ്റ് വാഗ്ദാനവും (1940 ആഗ. 8) അത്ലാന്തിക് ചാര്‍ട്ടറും (1941 ആഗ. 14) വഴി കോണ്‍ഗ്രസ്സിന് ആശാവഹമായ പ്രതീക്ഷ നല്കാന്‍ ബ്രിട്ടനു കഴിഞ്ഞില്ല. നേതാക്കള്‍ തടവിലാക്കപ്പെട്ടിരുന്നതിനാല്‍ 1941 അവസാനം വരെ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. 1941 ഡിസംബറില്‍ യുദ്ധം ഇന്ത്യയുടെ അതിര്‍ത്തിവരെയെത്തി. ഇന്ത്യയില്‍ രാഷ്ട്രീയനില ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ നടപടിയായി മുന്നോട്ടുവച്ച ക്രിപ്സ് ദൌത്യവും (1942 മാര്‍ച്ച്) പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 'ഇന്ത്യ വിടുക' എന്ന മുദ്രാവാക്യം ഹരിജന്‍ പത്രം വഴി ഗാന്ധിജി പ്രചരിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി 1942 ജൂലാ. 6-ന് വാര്‍ധയില്‍ സമ്മേളിച്ച് ഗാന്ധിജിയുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രമേയത്തിന് രൂപംനല്കി. ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും എന്നാല്‍ മാത്രമേ ഇന്ത്യയെ രക്ഷിക്കാനും യുദ്ധലക്ഷ്യങ്ങള്‍ നേടാനും സാധിക്കുകയുള്ളൂവെന്നും പ്രമേയം വ്യക്തമാക്കി. ജൂലാ. 14-ന് ക്വിറ്റ് ഇന്ത്യാ പ്രമേയം എന്ന പേരില്‍ ഇത് പാസാക്കി. ബ്രിട്ടന്റെ യുദ്ധയത്നങ്ങളെ അപകടപ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്നു പ്രമേയം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്സിന്റെ ന്യായമായ ആവശ്യങ്ങള്‍ അനുവദിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇനിയും സന്നദ്ധമാകുന്നില്ലെങ്കില്‍ വമ്പിച്ച ബഹുജനസമരംതന്നെ നടത്തേണ്ടിവരുമെന്ന് പ്രമേയം മുന്നറിയിപ്പു നല്കി. 1942 ആഗസ്റ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി മുംബൈയില്‍ സമ്മേളിച്ച് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി പ്രമേയം തയ്യാറാക്കി. ആഗ. 7-ന് അഖിലേന്ത്യാകമ്മിറ്റി മുംബൈയില്‍ യോഗം ചേര്‍ന്നു. ഒരു ദേശീയ ഗവണ്‍മെന്റ് രൂപവത്കരിക്കാന്‍ ബ്രിട്ടന്‍ തയ്യാറാകുന്നില്ലെങ്കില്‍ സിവില്‍ നിയമലംഘനം ഉടനടി തുടങ്ങുമെന്ന പ്രമേയം രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കുശേഷം പാസാക്കി. സമരത്തിന് നേതൃത്വം നല്കാന്‍ ഗാന്ധിജിയെത്തന്നെ ചുമതലപ്പെടുത്തി.
സമരം ഉടനടി തുടങ്ങുകയായിരുന്നില്ല ഗാന്ധിജിയുടെ ലക്ഷ്യം. വൈസ്രോയിയുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആവശ്യം അംഗീകരിപ്പിക്കാന്‍ കഴിയുമോ എന്ന് നോക്കുന്നതിനായിരുന്നു ഗാന്ധിജി ശ്രമിച്ചത്. എന്നാല്‍ ഗവണ്‍മെന്റ് അതിനു തയ്യാറായില്ല.
അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗം സമാപിച്ചതോടുകൂടിത്തന്നെ ഗവണ്‍മെന്റ് സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളും തുടങ്ങി. ഉടന്‍തന്നെ ഗാന്ധിജി, മൗലാനാ അബ്ദുള്‍ കലാം ആസാദ്, പണ്ഡിറ്റ് നെഹ്റു തുടങ്ങി കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റുചെയ്തു. രാജ്യമെമ്പാടും ഇത്തരം അറസ്റ്റുകള്‍ നടന്നു. ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ മിക്കവാറും എല്ലാ കോണ്‍ഗ്രസ് നേതാക്കളും അറസ്റ്റു ചെയ്യപ്പെട്ടു. അറസ്റ്റിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചു. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയും മേഖലാകമ്മിറ്റികളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. അലഹബാദിലെ കോണ്‍ഗ്രസ് ആസ്ഥാനം പൂട്ടിമുദ്രവയ്ക്കുകയും കോണ്‍ഗ്രസ്സിന്റെ സ്വത്തുമുഴുവന്‍ കണ്ടുകെട്ടുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റിനെപ്പറ്റിയുള്ള വാര്‍ത്ത പരന്നതോടെ പ്രതിഷേധസൂചകമായി രാജ്യമെമ്പാടും ഹര്‍ത്താലും പ്രകടനങ്ങളും നടന്നു. കടകമ്പോളങ്ങള്‍ അടച്ചിടുന്നതിനെതിരായും, എ.ഐ.സി.സി.യുടെ സമരപരിപാടികളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരായും നിരവധി നിയമങ്ങള്‍ ഡിഫന്‍സ് ഒഫ് ഇന്ത്യ ആക്റ്റനുസരിച്ച് ഗവണ്‍മെന്റ് ഉണ്ടാക്കി.
അറസ്റ്റിനുശേഷമുണ്ടായ നേതൃത്വത്തിന്റെ അഭാവം ജനങ്ങളെയാകെ ചിന്താക്കുഴപ്പത്തിലാക്കി. സാധാരണഗതിയിലുള്ള ജാഥയും പൊതുയോഗങ്ങളും മറ്റും പൊലീസ് ഇടപെട്ട് പിരിച്ചുവിട്ടു. ഈ അവസരത്തില്‍ സമരം അക്രമാവസ്ഥയിലേക്ക് നീങ്ങി. ഗതാഗത തടസ്സങ്ങളുണ്ടാക്കിയും റെയില്‍വേ ലൈനുകള്‍ നശിപ്പിച്ചും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ചും റെയില്‍വേ സ്റ്റേഷന്‍, പോസ്റ്റോഫീസ്, പൊലീസ് സ്റ്റേഷന്‍ തുടങ്ങിയ ഗവണ്‍മെന്റാഫീസുകള്‍ തീവച്ചു നശിപ്പിച്ചുമാണ് ജനങ്ങള്‍ പ്രതികരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് 425 വാര്‍ത്താവിനിമയ ബന്ധവിച്ഛേദവും 119 പോസ്റ്റോഫീസ് നശീകരണവും 250 റെയില്‍വേ സ്റ്റേഷന്‍ നശീകരണവും 70 പൊലീസ് സ്റ്റേഷനാക്രമണവും 85 മറ്റു സര്‍ക്കാര്‍ കെട്ടിടനശീകരണവും രാജ്യത്താകെയായി അരങ്ങേറി. ഔദ്യോഗിക റിപ്പോര്‍ട്ടുപ്രകാരം ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ സെന്‍ട്രല്‍ പ്രോവിന്‍സിലും ബിഹാറിലും ഉത്തര്‍പ്രദേശിലും പരക്കെ കുഴപ്പങ്ങളുണ്ടായി. കോണ്‍ഗ്രസ്സിന്റെ റിപ്പോര്‍ട്ടനുസരിച്ച് സമരം അടിച്ചമര്‍ത്താന്‍ ഗവണ്‍മെന്റ് വെടിവയ്പു നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ അടഞ്ഞുകിടന്നു. റെയില്‍ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. പൊതുജനങ്ങളോടും വിദ്യാര്‍ഥികളോടുമൊപ്പം വ്യവസായ തൊഴിലാളികളും സമരരംഗത്തേക്കിറങ്ങി. ജാംഷെഡ്പൂര്‍, മുംബൈ, അഹമദാബാദ് തുടങ്ങിയ വ്യാവസായിക കേന്ദ്രങ്ങളിലെല്ലാം പണിമുടക്ക് നടന്നു. ചില സ്ഥലങ്ങളിലെ വ്യവസായശാലകള്‍ മാസങ്ങളോളം അടഞ്ഞുകിടക്കുകയുണ്ടായി.
ബിഹാര്‍, ഉത്തര്‍പ്രദേശ്, സെന്‍ട്രല്‍ പ്രോവിന്‍സ്, ബംഗാള്‍ എന്നിവിടങ്ങളിലാണ് സമരം ഏറെ ശക്തമായിരുന്നത്. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ പൊലീസ് സേനയുടെ കുറവുനിമിത്തം സമരം ഏറെ അടിച്ചമര്‍ത്തപ്പെട്ടില്ല.
സമരത്തെ പൊതുവേ ഗവണ്‍മെന്റ് മര്‍ദിച്ചൊതുക്കുകയാണുണ്ടായത്. 538 ഇടങ്ങളില്‍ വെടിവയ്പുനടന്നു. സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെട്ടു. നൂറുകണക്കിന് ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കി. ഗവണ്‍മെന്റിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ബംഗാള്‍ മന്ത്രിസഭയില്‍നിന്നും ന. 20-ന് രാജിവച്ചു. ഔദ്യോഗിക കണക്കനുസരിച്ച് 18,000 പേര്‍ വിചാരണ കൂടാതെ തടവിലാക്കപ്പെട്ടു. ആഗ. 8 മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നിയമം ലംഘിച്ചതിന് 60,229 പേര്‍ ശിക്ഷിക്കപ്പെട്ടു. ഔദ്യോഗിക കണക്കനുസരിച്ച് വെടിവയ്പില്‍ മാത്രം 1028 പേര്‍ മരിക്കുകയും 3,200 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. അനൌദ്യോഗിക കണക്കനുസരിച്ച് മരിച്ചവരുടെയും മുറിവേറ്റവരുടെയും സംഖ്യ 25,000-ത്തോളമാണ്.
കുഴപ്പങ്ങള്‍ക്കെല്ലാം ഉത്തരവാദി കോണ്‍ഗ്രസ് പാര്‍ട്ടിതന്നെയാണെന്നായിരുന്നു ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നിലപാട്. അക്രമരാഹിത്യത്തിന്റെ മറപിടിച്ചുകൊണ്ട് കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുകയാണുണ്ടായെതെന്നായിരുന്നു അവരുടെ ആരോപണം. ഗാന്ധിജിയുടെയും മറ്റു നേതാക്കളുടെയും പേരില്‍ എല്ലാ കുറ്റങ്ങളും ആരോപിക്കപ്പെട്ടു. ഗാന്ധിജി ഇതിനെതിരെ ശക്തിയായി പ്രതിഷേധിച്ചു. 1942 സെപ്. 23-നും 1943 ജനു. 19-നും ഗവര്‍ണര്‍ ജനറലിനയച്ച കത്തില്‍ ഗാന്ധിജി അദ്ദേഹത്തിന്റെ പ്രതിഷേധം വ്യക്തമായി പ്രകടിപ്പിച്ചു. ഗവണ്‍മെന്റിന്റെ ക്രൂരതകള്‍ക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ 1943 ഫെബ്രുവരിയില്‍ ഗാന്ധിജി നിരാഹാരമനുഷ്ഠിക്കാന്‍ തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന് ഗാന്ധിജിയെ ജയില്‍വിമുക്തനാക്കണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയര്‍ന്നുവന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന ഒരു കക്ഷിരഹിതയോഗം ഗാന്ധിജിയെ മോചിപ്പിക്കണമെന്നു ഗവണ്‍മെന്റിനോടാവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ലിന്‍ലിത്ഗോ പ്രഭുവും ചര്‍ച്ചിലും അതു കൂട്ടാക്കിയില്ല. ക്വിറ്റ് ഇന്ത്യാസമരം പിന്‍വലിക്കാതെ അപ്രകാരമുള്ള നീക്കത്തിനൊന്നും അവര്‍ തയ്യാറായിരുന്നില്ല. ഗവണ്‍മെന്റിന്റെ നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ ഇന്ത്യന്‍ അംഗങ്ങളായ ഹോമി മോഡി, എം.എസ്. ആനേ, എന്‍.ആര്‍. സര്‍ക്കാര്‍ എന്നിവര്‍ സ്വസ്ഥാനങ്ങള്‍ രാജിവച്ചു. ഇതൊന്നുംകൊണ്ട് ബ്രിട്ടീഷ് ഗവണ്‍മെന്റ് വഴങ്ങാന്‍ തയ്യാറായില്ല. യു.എസ്. പ്രസിഡന്റിന്റെ പ്രത്യേകപ്രതിനിധിയായി വന്ന വില്യം ഫിലിപ്സിന് ഗാന്ധിജിയെ ജയിലില്‍ സന്ദര്‍ശിക്കാനുള്ള അനുവാദവും വൈസ്രോയി നിഷേധിക്കുകയുണ്ടായി.
രോഗബാധിതനായ ഗാന്ധിജിയെ 1944 മേയില്‍ വേവല്‍ പ്രഭു മോചിപ്പിച്ചു. ആക്രമണത്തിലൂടെ അധികാരം പിടിച്ചടക്കാനുള്ള നേതാജിയുടെ ശ്രമത്തിന് തടസ്സമുണ്ടാക്കുവാന്‍ ഇത് സഹായിക്കുമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് കരുതിയിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റുമായി അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഗാന്ധിജി തയ്യാറായെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ അനുകൂലമായ തീരുമാനം കൈക്കൊണ്ടില്ല. ക്വിറ്റ് ഇന്ത്യാപ്രസ്ഥാനം പിന്‍വലിക്കണം എന്നുള്ളതായിരുന്നു അവരുടെ ആവശ്യം.
1945-ല്‍ ബ്രിട്ടനില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ചര്‍ച്ചിലിന്റെ യാഥാസ്ഥിതിക കക്ഷി പരാജയപ്പെടുകയും ലേബര്‍ കക്ഷി അധികാരത്തിലെത്തുകയും ചെയ്തു. ഇതോടെ സ്ഥിതിഗതികളില്‍ മാറ്റമുണ്ടായി. 1945 ജൂണില്‍ ദേശീയ നേതാക്കളെ മോചിപ്പിച്ചു. വൈസ്രോയിയായിരുന്ന വേവല്‍പ്രഭു ബ്രിട്ടനിലെ പുതിയ ഗവണ്‍മെന്റി(ആറ്റ്ലി)ന്റെ നിര്‍ദേശപ്രകാരം ഇന്ത്യയുടെ സ്വാതന്ത്ര്യപ്രശ്നം സംബന്ധിച്ച കൂടിയാലോചനകള്‍ ആരംഭിച്ചു.
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആവേശം ജനങ്ങളില്‍ ആഴത്തില്‍ വേരൂന്നിക്കുവാന്‍ ക്വിറ്റ്-ഇന്ത്യാസമരത്തിന് കഴിഞ്ഞു. വര്‍ഷന്തോറും ആഗസ്റ്റ് 23-ക്വിറ്റ് ഇന്ത്യാദിനമായി ആചരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ