കേരളത്തിലെ വിദ്യാഭ്യാസമണ്ഡലത്തില്‍ ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് വിദ്യാഭ്യാസത്തെക്കുറിച്ചല്ല, മറിച്ച് ഗുണമേന്മാ വിദ്യാഭ്യാസത്തെക്കുറിച്ചാണ്. യഥാര്‍ത്ഥത്തില്‍ ഗുണമേന്മാ വിദ്യാഭ്യാസം എന്ന പദം തന്നെ വിദ്യാഭ്യാസത്തെ ലളിതവല്‍ക്കരിക്കലാണ് അഥവാ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഗുണമേന്മാ വിദ്യാഭ്യാസം എന്നതിനു ബദലായി മൂല്യാധിഷ്ടിത വിദ്യാഭ്യാസം എന്നാണ് നാം ചിന്തിക്കേണ്ടിയിരുന്നത്. അടുത്തകാലത്തായി നമ്മുടെ ചില വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ മൂല്യങ്ങളെക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നത് ആശാവഹം തന്നെ.
എന്താണ് മൂല്യങ്ങള്‍? സ്വാഭാവികമായി ഉയരുന്ന ചോദ്യമാണിത്. മനുഷ്യന്‍ ജീവിതത്തില്‍ എങ്ങനെയെല്ലാം പെരുമാറണം എങ്ങനെ പാടില്ല എന്നീ ശീലങ്ങളുടെ ബോധവും അത് പ്രകടമാക്കുന്നതുമായ മൗലികമായ ആചാരമാണ് മൂല്യങ്ങള്‍. ഭാരതീയരുടെ മൂല്യങ്ങളെ പഞ്ചമൂല്യങ്ങള്‍ എന്നുവിളിക്കാം. ആദരണം, അനുസരണം, അച്ചടക്കം, അംഗീകാരം, അനുഭാവം എന്നിവയാണിത്. മുതിര്‍ന്നവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് നമ്മുടെ സദാചാരമൂല്യങ്ങളുടെ അടിസ്ഥാന ഘടകമാണ്. നമ്മുടെ കൈയിലെ അഞ്ചുവിരലുകളോട് നമുക്ക് പഞ്ചമൂല്യങ്ങളെ ബന്ധപ്പെടാവുന്നതാണ്. കൈയിലെ പെരുവിരലാണ് ആദരണമൂല്യമായി നാമോര്‍ക്കേണ്ടത്. നാം പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ ബാക്കി നാലുമൂല്യങ്ങളും താനെയുണ്ടാകും.
ഇവിടെ നാമോര്‍ക്കുക. അധ്യാപകന്‍ ക്ലാസിലേക്ക് പ്രവേശിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ എഴുന്നേല്‍ക്കുന്നത് മൂല്യങ്ങളുടെ ആചരണമാണ് കാണിക്കുന്നത്. അതായത് ആദരിക്കുക എന്നത് പ്രഥമ കര്‍ത്തവ്യം. തുടര്‍ന്ന് അടുത്ത മൂല്യത്തിലേക്ക് ഗുരുനാഥന്‍ വിദ്യാര്‍ത്ഥിയെ പരിശീലിപ്പിക്കുന്നു. തന്റെ ഒരു ആംഗ്യത്തിലൂടെ വിദ്യാര്‍ത്ഥിയോട് ഇരിക്കാന്‍ ആവശ്യപ്പെടുന്നു. ‘അനുസരണം’ എന്ന മൂല്യത്തിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥികളും ചിട്ടയോടെ ഇരിക്കുന്നു. സ്വാഭാവികമായി മൂല്യപ്രകടനത്തിന്റെ അടുത്തഘട്ടം നമുക്കു ദര്‍ശിക്കാം. എല്ലാ വിദ്യാര്‍ത്ഥികളും ചിട്ടയോടെ ഇരിക്കുമ്പോള്‍ അവിടെ അച്ചടക്കം എന്ന മൂല്യം സൃഷ്ടിക്കപ്പെടുന്നു. സുഭാഷ് ചന്ദ്രബോസ് പറഞ്ഞ ‘അച്ചടക്കമുള്ള ജനതയാണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്’ എന്ന ചിന്തയിലേക്ക് നാം ആനയിക്കപ്പെടുന്നു.
അച്ചടക്കത്തില്‍ നിന്നാണ് ഒരു വ്യക്തിക്ക് അംഗീകാരം ലഭിക്കുന്നത്. അതുപോലെതന്നെ പരസ്പരം അംഗീകരിക്കുക എന്നത് ജനാധിപത്യപരമായ മൂല്യങ്ങളിലേക്കുള്ള ഒരു ചുവടുവെപ്പാണ്. പരസ്പര അംഗീകാരങ്ങളാണ് അനുഭാവം അഥവാ അനുകമ്പ സൃഷ്ടിക്കുന്നത്. പഞ്ചമൂല്യങ്ങളെ നേരത്തെ സൂചിപ്പിച്ചതുപോലെ കൈവിരലുകളിലെ അഞ്ചുവിരലുകളോട് ബന്ധപ്പെടുത്തിയാല്‍ പെരുവിരല്‍ ആദരണമൂല്യവും ചൂണ്ടുവിരല്‍ അനുസരണമൂല്യവും നടുവിരല്‍ അച്ചടക്കമൂല്യവും മോതിരവിരല്‍ അംഗീകാരമൂല്യവും ചെറുവിരല്‍ അനുഭാവമൂല്യവുമായി കാണേണ്ടതാണ്.
ഇവിടെ വിരലുകളോട് ബന്ധപ്പെടുത്താനൊരു കാരണമുണ്ട്. പെരുവിരല്‍ നടുവിരലുകളെയും ഒരുപോലെ ആദരിക്കുന്നതു കാണാം. ചൂണ്ടുവിരലാണ് അനുസരിപ്പിക്കുന്നത്. നടുവിരല്‍ ഉയര്‍ന്നുനില്‍ക്കുന്നതിലൂടെ അച്ചടക്കം ഏറ്റവും ഉയര്‍ന്ന മൂല്യമാണെന്നു മനസ്സിലാക്കാം. ബുദ്ധമത ഗ്രന്ഥങ്ങളില്‍ സദാചാരപരമായ മൂല്യങ്ങള്‍ ധാരാളമുണ്ട്. ബുദ്ധമതക്കാര്‍ മൂല്യങ്ങളെ നിഷേധ രൂപത്തിലുള്ളതും വിധി രൂപത്തിലുള്ളതും എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ചെയ്യുരുതാത്തതേത് എന്നുപറഞ്ഞുതരുന്നതാണ് നിഷേധരൂപ മൂല്യങ്ങള്‍. ചെയ്യേണ്ടത് ഏത് എന്നു പറഞ്ഞുതരുന്നതാണ് വിധി മൂല്യങ്ങള്‍. ബുദ്ധമതത്തിലെ നിഷേധരൂപത്തിലുള്ള മൂല്യങ്ങളെ അതായത് ചെയ്യാന്‍ പാടില്ലാത്തത് അഞ്ചുശീലങ്ങളായാണ്, അഥവാ പഞ്ചശീലങ്ങള്‍ എന്നാണറിയപ്പെടുന്നത്.
1. മോഷ്ടിക്കാതിരിക്കുക
2. കൊല്ലാതിരിക്കുക
3. വഴിപിഴച്ച ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.
4. കള്ളം പറയാതിരിക്കുക.
5. മദ്യപിക്കാതിരിക്കുക.
ഇവിടെയാണ് നാം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ച് ഗഹനമായി ചര്‍ച്ച ചെയ്യപ്പെടേണ്ടത്. നമ്മുടെ പുതിയ വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളെ ഈ അഞ്ചുശീലങ്ങളില്‍ അഥവാ ദുശ്ശീലങ്ങളില്‍നിന്ന് വിമുക്തി നേടേണ്ടതിനെക്കുറിച്ചൊന്നും പഠിപ്പിക്കുന്നില്ല. കേവലം കുറേ ശാസ്ത്ര സത്യങ്ങളും ചരിത്രബോധവും ജനിപ്പിക്കുകയല്ല അഥവാ പഠിപ്പിക്കുകയല്ല വിദ്യാഭ്യാസം. അതോടൊപ്പം എന്തുപാടില്ല എന്നുപഠിപ്പിക്കുന്നതാണ് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.
ബുദ്ധമതത്തിലെ ചെയ്യേണ്ട മൂല്യങ്ങളെയാണ് വിധി മൂല്യങ്ങള്‍ എന്നറിയപ്പെടുന്നത്. അത് അഷ്ടാംഗമാര്‍ഗങ്ങള്‍ എന്ന പേരിലറിയപ്പെടുന്നു. ശരിയായ ദൃഷ്ടി, ശരിയായ സങ്കല്‍പ്പം, ശരിയായ വാക്ക്, ശരിയായ കര്‍മം, ശരിയായ ജീവിതം, ശരിയായ വ്യായാമം, ശരിയായ സ്മൃതി, ശരിയായ ധ്യാനം എന്നിവയാണ് മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന എട്ടുമാര്‍ഗങ്ങള്‍ എന്ന് ബുദ്ധമതം പറയുന്നു. ഭാരതീയര്‍ മൂല്യങ്ങളിലേക്ക് എത്താന്‍ പഞ്ചശുദ്ധികളെക്കുറിച്ച് പറയുന്നുണ്ട്. കായശുദ്ധി (ദേഹശുദ്ധി), വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി എന്നിവയാണത്. അതുപോലെ തന്നെ മൂല്യങ്ങള്‍ പാലിക്കപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥാവിശേഷത്തെ പഞ്ചയജ്ഞങ്ങള്‍ എന്നും അറിയപ്പെടുന്നു.
പരമമായ സത്യത്തോടുള്ള ഉത്തരവാദിത്തത്തെ ബ്രഹ്മയജ്ഞം എന്നും പൂര്‍വികരോടുള്ള ഉത്തരവാദിത്വത്തെ പിതൃയജ്ഞമെന്നും പ്രപഞ്ച പ്രതിഭാസങ്ങളോടുള്ള ഉത്തരവാദിത്തത്തെ ഭൂതയജ്ഞമെന്നും സഹോദര മനുഷ്യരോടുള്ള ഉത്തരവാദിത്തെ മനുഷ്യയജ്ഞമെന്നും വിളിക്കുന്നു. ഇതെല്ലാം സദാചാരമൂല്യങ്ങളായാണ് ഭാരതീയര്‍ കണക്കാക്കുന്നത്. തൈത്തിരിയോ പനിഷത്തിലെ ഉപദേശങ്ങളെല്ലാം മൂല്യാധിഷ്ഠിത വിദ്യാഭ്യാസ ത്തിന്റെ ആപ്തവാക്യങ്ങളാണ്. സത്യംവദ ധര്‍മംചര-സത്യം പറയുക, ധര്‍മം ആചരിക്കുക. സത്യാദ്‌ന പ്രമദിതവ്യം-സത്യത്തില്‍നിന്ന് ഒരിക്കലും വഴിതെറ്റ രുത്. മാതൃദേവോ ഭവ-അമ്മയെ ദൈവതുല്യമായി കരുതുന്നവനായി ത്തീരുക. പിതൃദേവോഭവ-പിതാവിനെ ദൈവതുല്യം കരുതുന്നവനായിത്തീരുക-ആചാര്യ ദേവോഭവ-ഗുരുവിനെ ദൈവതുല്യം കരുതുന്നവനായിത്തീരുക-അതിഥിദേവോഭവ വീട്ടിലെത്തുന്ന അതിഥികളെ ദൈവതുല്യം കരുതുന്ന വനായിത്തീരുക.
ബൃഹദാരണ്യോകപനിഷത്തില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ ദര്‍ശനം കാണാം. ഉദാത്തമായ മൂന്നുമൂല്യങ്ങള്‍ മൂന്നു ‘ദ’കള്‍ എന്നറിയപ്പെടുന്നു. ‘ദ’ എന്ന അക്ഷരത്തോടു ആരംഭിക്കുന്ന മൂന്ന് വാക്കുകള്‍ ദാനം, ദമം, ദയ. ദാനം അഥവാ തനിക്കുള്ളത് മറ്റുള്ളവര്‍ക്കു നല്‍കുക, ദമം എന്നാല്‍ ആത്മനിയന്ത്രണം പാലിക്കുക. ദയ എന്നാല്‍ എല്ലാറ്റിനോടുമുള്ള അനുഭാവം, അനുകമ്പ അഥവാ അഹിംസ.
ക്രിസ്തുമതത്തിലെ ആറുകല്‍പ്പനകളില്‍ മൂല്യദര്‍ശനമുണ്ട്. അച്ഛനേയും അമ്മയേയും ബഹുമാനിക്കുക. കൊല്ലരുത്, വ്യഭിചാരം പാടില്ല, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, തന്റെ അയല്‍ക്കാരന്റെ കൈവശമിരിക്കുന്ന ഒന്നും മോഹിക്കരുത് എന്നീ ആറു കല്‍പ്പനകള്‍ യഥാര്‍ത്ഥത്തില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം തന്നെയാണ്.
ഇസ്ലാംമതം മൂല്യങ്ങളിലേക്കു മനുഷ്യനെയെത്തിക്കുന്നതിന് രണ്ടുതരം പ്രവൃത്തികളിലൂടെ വഴികാണിക്കുന്നു. നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നേരിട്ടോ അല്ലാതെയോ ഉടനെയോ ഭാവിയിലോ നന്മ ചെയ്യാനിടയാക്കുന്ന പ്രവൃത്തികള്‍. നിങ്ങള്‍ക്ക് നന്മ ചെയ്യുന്നതിനുപരി മനുഷ്യരാശിക്കുപൊതുവില്‍ ഉണ്ടാകുന്ന നന്മയെ ഉള്ളില്‍ കണ്ടുകൊണ്ടു ചെയ്യുന്ന പ്രവൃത്തികള്‍.
സമൂഹത്തിലെ ഇന്നത്തെ മൂല്യത്തകര്‍ച്ച അതിഭയാനകമാണ്. വാര്‍ധക്യകാലത്ത് മക്കള്‍ ഉപേക്ഷിക്കുന്ന ക്രൂരതയ്ക്കു വിധേയമാക്കുന്ന യുവമാതാപിതാക്കള്‍ മറ്റൊരു ഭാഗത്ത്. ലക്ഷങ്ങള്‍ക്ക് മക്കളെ വില്‍ക്കുന്ന മാതാപിതാക്കളും ബന്ധുക്കളും. അശ്ലീലദൃശ്യങ്ങള്‍ നെറ്റിലും മൊബൈലിലും കണ്ടുരസിക്കുന്ന യുവതലമുറയും കൂടെ മധ്യവയസ്‌കരും. മദ്യപാനം, മയക്കുമരുന്ന്, കള്ളക്കടത്ത് സമൂഹമെങ്ങോട്ടാണ്! മൂല്യങ്ങളുടെ ശവപ്പറമ്പായി മാറുകയാണ് നമ്മുടെ സമകാലിക ലോകം!
നമുക്കറിയാം പണ്ട് പട്ടണങ്ങളില്‍ വെളിച്ചെണ്ണ ഇവിടെ വില്‍ക്കപ്പെടും എന്ന ബോര്‍ഡാണ് കണ്ടിരുന്നത്. എന്നാലിന്ന് ഈ ബോര്‍ഡ് മാറി. ശുദ്ധമായ വെളിച്ചെണ്ണ ഇവിടെ വില്‍ക്കപ്പെടുന്നു എന്ന ബോര്‍ഡുപോലെയാണ് നാം ഇനി വിദ്യാഭ്യാസത്തെക്കുറിച്ചല്ല സംസാരിക്കുന്നത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ച് എന്ന് പറയേണ്ടിവരുന്നു. വിദ്യാഭ്യാസത്തിലൂടെ വിദ്യാര്‍ത്ഥി എന്തെല്ലാം മൂല്യങ്ങളാണ് നേടിയത് എന്ന് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്‍ജിനീയറിംഗ്, മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളെപ്പോലെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ കോച്ചിങ് സെന്റര്‍ എന്നാണാവോ ഉണ്ടാവുക! ഇവിടെയാണ് ഗുരു നിത്യചൈതന്യയതിയുടെ വാക്കുകള്‍ ഓര്‍ക്കേണ്ടത്.”അച്ഛനായാലും അമ്മയായാലും രക്ഷിതാവായാലും അധ്യാപകനായാലും കുട്ടികളുടെ മനസ്സിലെ ധാരണകളെ സത്യസന്ധമാക്കാനാണ് നാം ശ്രമിക്കേണ്ടത്.” എന്ന് യതി പറയുന്നു.
ഭാരതത്തിന്റെ പരമോന്നത കോടതി അടുത്തകാലത്തായി നമ്മെ ബോധ്യപ്പെടുത്തിയത് ശ്രദ്ധേയമാണ്. പാഠ്യപദ്ധതിയില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുതകുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് ഗൗരവമായി ചിന്തിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. മഹര്‍ഷി അരബിന്ദോ പറഞ്ഞതുപോലെ അച്ചടക്കം ആത്മീയമായ ഒരു മൂല്യമാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഭൗതികതയുടെ ഉപഭോഗാസക്തിയുടെ ലോകത്ത് ആത്മഭാവത്തെ തിരിച്ചറിയാനുള്ള കഴിവാണ് മൂല്യങ്ങളിലൂടെ ലഭ്യമാകുന്നത്.
ഭൗതികപുരോഗതി മനുഷ്യനെ ആഡംബരങ്ങളിലേക്കു നയിക്കുമ്പോള്‍ ആത്മീയപുരോഗതി മനുഷ്യനെ മൂല്യങ്ങളിലേക്കു നയിക്കുന്നു. മതം കൂടാതെയുള്ള പുരോഗതി മുടന്തനാണെന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞതു മൂല്യപഠനത്തെ ഉദ്ദേശിച്ചാണ്.