നീഗ്രാകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി അമേരിക്കയില്‍ നടന്ന, പൗരാവകാശസമരത്തിന്റെ പ്രമുഖ നേതാവും ബാപ്‌റ്റിസ്റ്റ് മതപുരോഹിതനും പ്രഗല്‌ഭ വാഗ്‌മിയും. "അമേരിക്കന്‍ ഗാന്ധി' എന്ന ഖ്യാതി നേടിയ ഇദ്ദേഹം 1929 ജനു. 15-ന് അമേരിക്കയിലുള്ള അറ്റ്‌ലാന്റയില്‍ ഒരു നീഗ്രാ കുടുംബത്തില്‍ ജനിച്ചു. പിതാവും പിതാമഹനും വൈദികരായിരുന്നു. മൈക്കേല്‍ ലൂഥര്‍ കിങ് എന്നായിരുന്നു യഥാര്‍ഥനാമം. പ്രാട്ടസ്റ്റന്റ് പരിഷ്‌കര്‍ത്താവ് മാര്‍ട്ടിന്‍ ലൂഥറിനോടുള്ള ബഹുമാനസൂചകമായി പില്‌ക്കാലത്തു നിയമാനുസൃതം തന്റെ പേര്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് എന്നു മാറ്റി. 1964-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതോടുകൂടി ലോകപ്രശസ്‌തനായിത്തീര്‍ന്നു. 1968-ലെ നെഹ്‌റു അവാര്‍ഡും കിങ്ങിനായിരുന്നു.
അറ്റ്‌ലാന്റയിലുള്ള പബ്ലിക് സ്‌കൂളില്‍ വിദ്യാഭ്യാസം ആരംഭിച്ചു. 15-ാമത്തെ വയസ്സില്‍ അവിടത്തന്നെയുള്ള മോര്‍ഹൗസ് (Morehouse) കോളജില്‍ പ്രവേശനം ലഭിച്ചു. സമര്‍ഥരും അനുഗൃഹീതരുമായ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഒരു പ്രത്യേക പരിപാടിയനുസരിച്ചാണ് ഇതു സാധ്യമായത്. 1948-ല്‍ സാമൂഹികശാസ്‌ത്രം ഐച്ഛികമായി പഠിച്ച് ബി. എ. ബിരുദം സമ്പാദിച്ചു. തുടര്‍ന്ന് മെഡിസിനും നിയമവും പഠിക്കണമെന്നായിരുന്നു കിങ്ങിന്റെ ആഗ്രഹം. എന്നാല്‍ പിതാവിന്റെ നിര്‍ദേശപ്രകാരം പുരോഹിതജീവിതം സ്വീകരിക്കുകയും ചെസ്റ്ററിലുള്ള ക്രാസര്‍ തിയോളജിക്കല്‍ സെമിനാരിയില്‍ പഠനം ആരംഭിക്കുകയും ചെയ്‌തു. 1951-ല്‍ ക്രാസറില്‍ നിന്ന് ഏറ്റവും സമര്‍ഥനായ വിദ്യാര്‍ഥി എന്ന നിലയില്‍ ബാച്ചിലര്‍ ഒഫ് ഡിവിനിറ്റി ബിരുദവും "പ്ലാഫ്‌ക്കര്‍' അവാര്‍ഡും (ഇഷ്‌ടമുള്ള ഏതെങ്കിലും ഒരു സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്നതിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള 1,200 ഡോളറിന്റെ "ജ. ക്രാസര്‍' ഫെല്ലോഷിപ്പ്) കരസ്ഥമാക്കി. ക്രാസറില്‍ വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷപദവിയും കിങ് സ്വായത്തമാക്കിയിരുന്നു. ഈ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയുടെ അഹിംസാ തത്ത്വശാസ്‌ത്രം പഠിക്കുവാനും സമകാലീന പ്രാട്ടസ്റ്റന്റ് പുരോഹിതന്മാരുടെ ചിന്താധാരയുമായി ബന്ധപ്പെടുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.
ചെസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ഉപരിപഠനത്തിനായി കിങ്, ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. ഇവിടെ വച്ചായിരുന്നു തന്റെ മതപരവും സാമൂഹികവുമായ ചിന്തകള്‍ക്ക് അടിത്തറ പാകിയത്. ദൈവവും മനുഷ്യനും തമ്മിലുള്ള പരസ്‌പരബന്ധം മനസ്സിലാക്കുന്നതിനായിരുന്നു കിങ് തന്റെ അധികസമയവും ചെലവഴിച്ചത്. പാള്‍ ടില്ലിച്ചിന്റെയും ഹെന്‌റി നെല്‍ സന്റെയും ദൈവത്തെക്കുറിച്ചുള്ള വീക്ഷണങ്ങളെ താരതമ്യപ്പെടുത്തി സമര്‍പ്പിച്ച ഗവേഷണപ്രബന്ധത്തിന്റെ അടിസ്ഥാനത്തില്‍ 1955-ല്‍ ബോസ്റ്റണ്‍ സര്‍വകലാശാല കിങ്ങിന് ഡോക്‌ടര്‍ ഒഫ് ഫിലോസഫി ബിരുദം നല്‌കി. കിങ് ദൈവത്തെ ഒരു യാഥാര്‍ഥ്യമായി അംഗീകരിച്ചിരുന്നു. സാമൂഹിക പുരോഗതി നേടിയതുകൊണ്ടോ ശരിയായ യുക്തിചിന്തകൊണ്ടോ മോക്ഷം ലഭിക്കുകയില്ല എന്നും മറിച്ച് ദൈവം നയിക്കുന്ന വഴിയില്‍ ക്കൂടിയുള്ള യാത്രകൊണ്ടു മാത്രമേ അതു ലഭ്യമാകൂ എന്നും കിങ് വിശ്വസിച്ചിരുന്നു.
ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന അവസരത്തില്‍ അല്‍ ബേനിയക്കാരിയായ കോറെറ്റാ സ്‌കോട്ട് (Coretta Scott)എന്ന യുവതിയുമായി കിങ് പരിചയപ്പെട്ടിരുന്നു. 1953-ല്‍ അവരെ വിവാഹം കഴിച്ചു. ഇവര്‍ക്കു നാലു കുട്ടികള്‍ ജനിച്ചു.
1954-ല്‍ കിങ് മോണ്‍ട്‌ഗോമറിയിലുള്ള ബാപ്‌റ്റിസ്റ്റ് ചര്‍ച്ചില്‍ ആത്മീയോപദേശകനായി നിയമിതനായി. 1955-ല്‍ മോണ്‍ട്‌ഗോമറിയിലെ ഒരു ചെറുസംഘം പൗരാവകാശവക്താക്കള്‍ പൊതുവാഹനങ്ങളിലുള്ള വര്‍ണവിവേചനത്തിനെതിരായി സമരം ചെയ്യാന്‍ തീരുമാനിച്ചു. 1955 ഡി. 1-ന് ഉണ്ടായ ഒരു സംഭവമായിരുന്നു ഇതിനു നിദാനം. റോസ് പാര്‍ക്ക്‌സ് (Mrs. Rose Parks) എന്ന ഒരു യുവതി ബസ്സില്‍ ഒരു വെള്ളക്കാരന് താന്‍ ഇരുന്ന സീറ്റ് നല്‌കാന്‍ വിസമ്മതിച്ചു. കോപാകുലരായ വെള്ളക്കാര്‍ വര്‍ണവിവേചന നിയമലംഘനക്കുറ്റം ചുമത്തി അവരെ അറസ്റ്റുചെയ്‌തു. ഇതില്‍ കുപിതരായ കറുത്ത വര്‍ഗക്കാര്‍ "മോണ്‍ട്‌ഗോമറി വികസനസമിതി' എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും കിങ്ങിനെ അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്‌തു. ഈ സംഘടനയുടെ അധ്യക്ഷന്‍ എന്ന നിലയ്‌ക്കുള്ള കിങ്ങിന്റെ പ്രവര്‍ത്തനം സാമൂഹികനീതിക്കു വേണ്ടിയുള്ള ഒരു ആഭ്യന്തരസമരത്തിനു കളമൊരുക്കി. ഈ കാലഘട്ടത്തില്‍ കിങ്ങിന്റെ വീട് ഡൈനാമൈറ്റ് ഉപയോഗിച്ചു തകര്‍ക്കുകയും കുടുംബാംഗങ്ങളുടെ ജീവനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. കിങ്ങാകട്ടെ യാതൊരുവിധ സമ്മര്‍ദത്തിനും വഴങ്ങാതെ വര്‍ണവിവേചനത്തിനെതിരായി ധീരമായി പോരാടുകതന്നെ ചെയ്‌തു. ഇതിന്റെ ഫലമായി ഒരു വര്‍ഷവും ഏതാനും ദിവസവും കഴിഞ്ഞപ്പോള്‍ മോണ്‍ട്‌ഗോമറി നഗരത്തിലെ ബസ്സുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന വര്‍ണവിവേചനനിയമം റദ്ദാക്കപ്പെട്ടു. കിങ്ങിന്റെ പൊതുജീവിതത്തിലെ ആദ്യത്തെ വിജയമായിരുന്നു ഈ സംഭവം.
മോണ്‍ട്‌ഗോമറിയിലുണ്ടായ വിജയം ശരിക്കും മുതലെടുക്കുന്നതിന് രാജ്യവ്യാപകമായ ഒരു ജനകീയ പ്രസ്ഥാനം ആവശ്യമാണെന്നു കിങ് മനസ്സിലാക്കി. ഈ ലക്ഷ്യത്തോടുകൂടി ഇദ്ദേഹം തെക്കേ അമേരിക്കയിലെ ക്രിസ്‌തീയ നേതൃത്വ സമ്മേളനം (SCLC) സംഘടിപ്പിക്കുകയും ഇതുവഴി തന്റെ വീക്ഷണങ്ങളെ അവതരിപ്പിക്കുന്നതിനുള്ള ഒരു ദേശീയവേദി ഒരുക്കുകയും ചെയ്‌തു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രസംഗങ്ങള്‍ നടത്തിയിരുന്ന കിങ് കറുത്ത വര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള മതനേതാക്കന്മാരുടെയും മനുഷ്യാവകാശ സംരക്ഷകരുടെയും ദൃഷ്‌ടിയില്‍ കൊണ്ടുവരുന്നതിന് അശ്രാന്തപരിശ്രമം നടത്തി. ഈ ഉദ്ദേശ്യത്തോടുകൂടി 1957-ല്‍ ഘാനയും 59-ല്‍ ഇന്ത്യയും സന്ദര്‍ശിച്ചു. ഇന്ത്യയില്‍ എത്തിയ കിങ്ങിനെ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്‌റു ഹാര്‍ദമായി സ്വീകരിക്കുകയും അദ്ദേഹത്തിന് പൂര്‍ണമായ സഹകരണം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.
1960-ല്‍ അത്‌ലാന്റയിലെ കോളജ് വിദ്യാര്‍ഥികളുടെ കുത്തിയിരുപ്പ് സത്യഗ്രഹത്തെ പിന്‍താങ്ങിക്കൊണ്ട് കിങ് തന്റെ സത്യഗ്രഹപരിപാടിയുടെ ആദ്യ പരീക്ഷണം നടത്തി. അറ്റ്‌ലാന്റാ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഭക്ഷണശാലയില്‍ നിലനിന്നിരുന്ന വര്‍ണവിവേചനത്തിനെതിരെയായിരുന്നു ഈ സത്യഗ്രഹപരിപാടി.
1960-65 കാലഘട്ടത്തില്‍ അമേരിക്കയിലാകമാനം കിങ്ങിനു വമ്പിച്ച പ്രശസ്‌തി സിദ്ധിച്ചിരുന്നു. അഹിംസാമാര്‍ഗത്തില്‍ ക്കൂടിയുള്ള സമരപരിപാടികള്‍ കറുത്തവരുടെയും ഉദാരമനസ്‌കരായ വെള്ളക്കാരുടെയും പ്രീതിക്കു പാത്രമായിത്തീര്‍ന്നതും കെന്നഡി ഭരണകൂടവും ജോണ്‍സണ്‍ ഭരണകൂടവും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നിര്‍ലോപമായി പിന്‍താങ്ങിയിരുന്നതുമായിരുന്നു ഇതിനു കാരണം.
ഭോജനശാലകളിലും മറ്റും ഉണ്ടായിരുന്ന വര്‍ണവിവേചനത്തിനെതിരായി 1963-ല്‍ ബര്‍മിങ്‌ഹാമില്‍ സംഘടിപ്പിച്ച പ്രക്ഷോഭം രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റി. പൗരാവകാശ സംരക്ഷണ വക്താക്കളുമായി ചേര്‍ന്നുകൊണ്ട് 1963 ആഗ. 28-ന് വാഷിങ്‌ടണില്‍ കിങ് നടത്തിയ ചരിത്രം സൃഷ്‌ടിച്ച പ്രകടനത്തോടുകൂടി കിങ്ങിന്റെ പ്രവര്‍ത്തനം ഒരു ജനകീയ പ്രസ്ഥാനമായി അംഗീകരിക്കപ്പെട്ടു. 1964-ല്‍ പൗരാവകാശ നിയമം പാസ്സാക്കി. ഇതുപ്രകാരം പൊതുസ്ഥലങ്ങളിലും ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന വര്‍ണവിവേചനം നിയമവിരുദ്ധമാക്കപ്പെട്ടു. കിങ്ങിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവമായിരുന്നു ഇത്. സംഭവബഹുലമായ ഈ വര്‍ഷം തന്നെ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും ഇദ്ദേഹത്തിനു ലഭിച്ചു.
മെംഫീസില്‍ നിന്ന് വാഷിങ്‌ടണിലേക്കു "പാവപ്പെട്ടവരുടെ ഒരു ജാഥ' നയിക്കുവാനുള്ള ശ്രമത്തിലായിരുന്നു കിങ്ങും സഹപ്രവര്‍ത്തകരും. ഘോഷയാത്രകളും പ്രകടനങ്ങളും നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് നിലവില്‍ ഉണ്ടായിരുന്നു. 1968 ഏ. 4-ന് കിങ്ങും സഹപ്രവര്‍ത്തകരും ലൊറൈന്‍ മോട്ടലിന്റെ ബാല്‍ ക്കണിയില്‍ നിന്നുകൊണ്ട് ഘോഷയാത്രയെപ്പറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു. ഘോഷയാത്രയില്‍ "അമൂല്യനായ ദൈവമേ! എന്റെ കരം ഗ്രഹിക്കൂ' എന്ന പാട്ടു പാടണമെന്ന് കിങ് ഗായകനായ ബ്രാഞ്ചിനോടു ആവശ്യപ്പെടുകയും അദ്ദേഹം അതു സമ്മതിക്കുകയും ചെയ്‌തു. നിമിഷങ്ങള്‍ക്കകം മോട്ടലിന്റെ എതിര്‍ഭാഗത്തുനിന്നു വന്ന വെടിയുണ്ട കിങ്ങിന്റെ കഴുത്തിന്റെ വലതുഭാഗം തുളച്ചുകൊണ്ട് താടിഎല്ലില്‍ തറച്ചു. ഏതാനും മിനിട്ടുകള്‍ക്കകം ലോകമന:സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ആ 39 കാരന്‍ അന്ത്യശ്വാസം വലിച്ചു. കിങ്ങിന്റെ മരണവാര്‍ത്ത ശ്രവിച്ചപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ""മനുഷ്യരാശിയുടെ വെളിച്ചത്തിനുവേണ്ടിയുള്ള അന്വേഷണത്തിനു നേരിട്ട കനത്ത ആഘാതമാണ് കിങ്ങിന്റെ മരണം. ലോകത്തിലെ മഹാന്മാരിലൊരാളിതാ ഹിംസമൂലം നഷ്‌ടപ്പെട്ടിരിക്കുന്നു എന്നാണ് അനുശോചിച്ചത്.
എന്തുവിലകൊടുത്തും കിങ്ങിന്റെ കൊലപാതകിയെ കണ്ടുപിടിക്കണമെന്ന് എഫ്. ബി. ഐ. (Federal Bureau of Investigation) യുടെ അന്നത്തെ ഡയറക്‌ടറായിരുന്ന എഡ്‌ഗാര്‍ ഹൂവര്‍ തീരുമാനിച്ചു. കുറ്റാന്വേഷണത്തിന്റെ ചരിത്രത്തിലെ അഭൂതപൂര്‍വമായ ഒരധ്യായമാണ് അവിടെ നിന്നാരംഭിച്ചത്. രണ്ടുമാസങ്ങള്‍ക്കുശേഷം സ്‌കോട്ട്‌ലന്‍ഡ് യാഡിന്റെ സഹായത്തോടെ 1968 ജൂണ്‍ 4-ന് ലണ്ടന്‍ വിമാനത്താവളത്തില്‍ വച്ച് കൊലപാതകിയായ ജെയിംസ് ഏള്‍ റേയെ (James Earl Ray) കസ്റ്റഡിയിലെടുത്തു.
കിങ്ങിന്റെ പ്രധാനകൃതികള്‍, സ്‌റ്റ്രഡ് ടുവേഡ് ഫ്രീഡം (1958), സ്‌റ്റ്രങ്‌ത് റ്റു ലിവ് (1963), വൈ വി കാണ്‌ട് വെയ്‌റ്റ് (1964), വെയര്‍ ഡു വി ഗോ ഫ്രം ഹിയര്‍; കയോസ് ഓര്‍ കമ്മ്യൂണിറ്റി (1967) എന്നിവയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ