2018, ജൂലൈ 9, തിങ്കളാഴ്‌ച

ഗാന്ധി-ഇര്‍വിന്‍ സന്ധി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഘട്ടത്തില്‍ ഒപ്പു വയ്ക്കപ്പെട്ട സന്ധി. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂടി പങ്കെടുക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ സന്ധി ഒപ്പുവയ്ക്കപ്പെട്ടത്. ബ്രിട്ടീഷ് ഗവണ്‍മെന്റും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും തമ്മിലുണ്ടാക്കിയ ഒരു ഉടമ്പടിയായിരുന്നു ഇത്. അന്നത്തെ വൈസ്രോയിയും ഗവര്‍ണര്‍ ജനറലുമായിരുന്ന ഇര്‍വിന്‍ പ്രഭുവും മഹാത്മാഗാന്ധിയും ചേര്‍ന്ന് 1931 മാ. 5-ന് ആണ് ഈ സന്ധി ഒപ്പുവച്ചത്. ഡല്‍ഹി കരാര്‍ എന്നു കൂടി ഈ സന്ധി അറിയപ്പെടുന്നു.
ഒന്നാം വട്ടമേശ സമ്മേളനാനന്തരം ഗാന്ധിജിയും മറ്റു ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ജയില്‍ മോചിതരായി. തുടര്‍ന്ന് രണ്ടാഴ്ചക്കാലം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനുരഞ്ജന സംഭാഷണങ്ങള്‍ക്കും ശേഷമാണ് ഗാന്ധി-ഇര്‍വിന്‍ സന്ധി ഒപ്പുവയ്ക്കപ്പെട്ടത്. ഈ സന്ധിപ്രകാരം സിവില്‍ നിയമലംഘനപ്രസ്ഥാനം അവസാനിപ്പിക്കുന്നതിനും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള മര്‍ദനങ്ങള്‍ അവസാനിപ്പിക്കുന്നതിനും അടിയന്തരാവകാശ നിയമങ്ങള്‍ പിന്‍വലിക്കുന്നതിനും വ്യവസ്ഥകളുണ്ടായി. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനമായെങ്കിലും ഭീകരപ്രസ്ഥാനങ്ങളിലും അക്രമങ്ങളിലും ഏര്‍പ്പെട്ടവരെന്നു മുദ്രകുത്തപ്പെട്ടവരെ ഇതില്‍നിന്നും ഒഴിവാക്കിയിരുന്നു. ഭരണഘടനാപരിഷ്കാര സംബന്ധമായി ഭാവിയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളിലൊക്കെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെക്കൂടി പങ്കെടുപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സമ്മതിക്കപ്പെട്ടു. നിസ്സഹകരണം അവസാനിപ്പിക്കുന്നതിനും രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കുകൊള്ളുന്നതിനും കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ കോണ്‍ഗ്രസ് വീഴ്ചവരുത്തുന്ന പക്ഷം ക്രമസമാധാന പാലനത്തിനും പൊതുജനങ്ങളുടെ സംരക്ഷണത്തിനും ആവശ്യമായി വരുന്ന നടപടികള്‍ ഗവണ്‍മെന്റ് കൈക്കൊള്ളുന്നതാണെന്നു കൂടി കരാറില്‍ പറഞ്ഞിരുന്നു. കരാറിനെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ജനങ്ങളില്‍ നിന്നുമുണ്ടായത്. ചില വിമര്‍ശനങ്ങളുണ്ടായെങ്കിലും 1931 മാര്‍ച്ച് മാസത്തിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കറാച്ചി സമ്മേളനം ഗാന്ധി-ഇര്‍വിന്‍ സന്ധിക്ക് അംഗീകാരം നല്കി. തുടര്‍ന്ന് ഇന്ത്യന്‍ താത്പര്യം സംരക്ഷിക്കുന്നതിന് ഗാന്ധിജിയെ ചുമതലപ്പെടുത്തുകയും, രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കുകൊള്ളുന്നതിനു തീരുമാനിക്കുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

URVEY ON PLASTIC POLLUSION AND ITS ENVIRONMENTAL EFFECTS

SURVEY ON PLASTIC POLLUSION AND ITS  ENVIRONMENTAL EFFECTS By  Abhilash chandran Abstract: The survey was done to analyze the ...