2018, ജൂലൈ 9, തിങ്കളാഴ്‌ച

ഗാന്ധി (സിനിമ)

മഹാത്മാഗാന്ധിയുടെ ജീവിതകഥയെ ആധാരമാക്കി നിര്‍മിക്കപ്പട്ടതും എട്ട് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയതുമായ ഇംഗ്ലീഷ് ചലച്ചിത്രം.
ഇംഗ്ലീഷ് നടനും സംവിധായകനുമായ സര്‍ റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഈ ചിത്രം 1982-ല്‍ പൂര്‍ത്തിയായി. ഇതു നിര്‍മിക്കാനുള്ള ശ്രമം ഏതാണ്ട് 20 കൊല്ലം മുമ്പുതന്നെ അറ്റന്‍ബറോ ആരംഭിച്ചിരുന്നു. ഈ ശ്രമത്തില്‍ ഒട്ടേറെ വിഘ്നങ്ങള്‍ ഇദ്ദേഹത്തിനു നേരിടേണ്ടിവന്നു. ഒടുവില്‍ ഒരു സംയുക്തസംരംഭമെന്ന നിലയ്ക്ക് 'ഗാന്ധി'യുടെ നിര്‍മാണമാരംഭിച്ചു. നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ വഴി ആറുകോടി രൂപയോളം മുതല്‍മുടക്കിക്കൊണ്ട് ഇന്ത്യയും ഈ സംരംഭത്തില്‍ പങ്കുകൊണ്ടു. 18 കോടി രൂപയിലേറെയാണ് 'ഗാന്ധി'യുടെ മൊത്തം നിര്‍മാണച്ചെലവ്.
ജോണ്‍ ബ്രെയ്ലി തിരക്കഥാരചനയും പണ്ഡിറ്റ് രവിശങ്കര്‍ സംഗീത സംവിധാനവും നിര്‍വഹിച്ച 'ഗാന്ധി'യില്‍ മഹാത്മാഗാന്ധിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത് പ്രശസ്ത ബ്രിട്ടീഷ് നാടകനടനായ ബെന്‍ കിങ്സ്ലിയാണ്. കസ്തൂര്‍ബായെ രോഹിണി ഹാത്തങ്ങാടിയും, ജവഹര്‍ലാല്‍ നെഹ്റുവിനെ റോഷന്‍ സേത്തും, സര്‍ദാര്‍ പട്ടേലിനെ സയ്യദ് ജാഫ്രിയും, ആസാദിനെ വീരേന്ദ്ര റസ്ദാനും അവതരിപ്പിച്ചു.
1948 ജനു. 30-ന് ബിര്‍ലാ മന്ദിരത്തില്‍ നടന്ന പ്രാര്‍ഥനായോഗത്തില്‍ സംബന്ധിക്കാനായി പുറപ്പെട്ട ഗാന്ധിജിയുടെ നേര്‍ക്ക് ഗോഡ്സേ വെടിവയ്ക്കുന്നതും ചുണ്ടില്‍ രാമമന്ത്രവുമായി അദ്ദേഹം നിലംപതിക്കുന്നതുമാണ് ചിത്രത്തിലെ ആദ്യരംഗം. തുടര്‍ന്ന് ഫ്ളാഷ് ബാക്കിലൂടെ ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളൊന്നുംതന്നെ വിട്ടുപോകാതെ ചിത്രീകരിക്കാന്‍ അറ്റന്‍ബറോ നിഷ്കര്‍ഷ കാട്ടിയിട്ടുണ്ട്. അതുവഴി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ അവിസ്മരണീയമായ പല മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നു. ഈ സംഭവങ്ങളോട് അങ്ങേയറ്റത്തെ സത്യസന്ധതയും നിഷ്പക്ഷതയും പുലര്‍ത്താന്‍ അറ്റന്‍ബറോ ശ്രമിച്ചിട്ടുണ്ടെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ചരിത്രത്തെ വളച്ചൊടിക്കാന്‍ ഇദ്ദേഹം മുതിര്‍ന്നിട്ടില്ല. കുറേ ചെത്തിയൊതുക്കലും ഇണക്കിച്ചേര്‍ക്കലുമൊക്കെ വേണ്ടിവന്നിട്ടുള്ളത് ചലച്ചിത്രപരമായ അനിവാര്യത മൂലമാണ്. തെക്കേ ആഫ്രിക്കയിലെ മൂന്നു ഘട്ടങ്ങള്‍ ഒറ്റയടിക്ക് തീര്‍ക്കേണ്ടിവന്നത് അതുകൊണ്ടാണ്. ഗാന്ധിജി ഭാരതത്തെ അടുത്തറിയാന്‍ നടത്തുന്ന തീവണ്ടിയാത്രയ്ക്കിടയിലെ ആറ്റുവക്കത്തെ രംഗവും കസ്തൂര്‍ ബായുടെ മരണരംഗവുമൊക്കെ ചിത്രീകരിച്ചപ്പോള്‍ വസ്തുതയെക്കാള്‍ നാടകീയതയെ ആശ്രയിക്കുന്നതും അതുകൊണ്ടാണ്.
ഗാന്ധിജിയുടെ ജീവിതസന്ദേശം പ്രേക്ഷകരിലേക്കു പകരുകയായിരുന്നു ആറ്റന്‍ബറോയുടെ ലക്ഷ്യം. ഏറെ ക്ലേശിച്ചിട്ടാണെങ്കിലും ഈ ലക്ഷ്യം നേടിയെടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. മികച്ച ചലച്ചിത്രത്തിനുള്ള അവാര്‍ഡ് അടക്കം എട്ട് ഓസ്കാറുകള്‍ 'ഗാന്ധി'യെ തേടിയെത്തി:-ഏറ്റവും മികച്ച നിര്‍മാതാവും സംവിധായകനും ആറ്റന്‍ബറോ; ഏറ്റവും മികച്ച നടന്‍-ബെന്‍ കിങ്സ്ലി; തിരക്കഥാരചന-ജോണ്‍ ബ്രെയ്ലി; എഡിറ്റിങ് ജോണ്‍ ബ്ളൂം; സിനിമാട്ടോഗ്രാഫി-ബില്ലി വില്യം റോണി ടെയ്ലര്‍; കഥാസംവിധാനം-സ്റ്റുവര്‍ട്ട് ക്രെയ്ഗ്, ബോബ് ലെയ്ങ്, മൈക്കല്‍ സിയര്‍ എന്നിവര്‍; ചമയം-ജോണ്‍ മോളോവ്, ഭാനു അത്തയ്യ എന്നിവര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

URVEY ON PLASTIC POLLUSION AND ITS ENVIRONMENTAL EFFECTS

SURVEY ON PLASTIC POLLUSION AND ITS  ENVIRONMENTAL EFFECTS By  Abhilash chandran Abstract: The survey was done to analyze the ...