2018, ജൂലൈ 9, തിങ്കളാഴ്‌ച

ദണ്ഡി യാത്ര

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി അനുയായികളോടൊത്ത് ഗുജറാത്തിലെ തീരദേശഗ്രാമമായ ദണ്ഡിയിലെ കടപ്പുറത്തേക്കു നടത്തിയ നിയമനിഷേധ യാത്ര. കോളണിഭരണകാലത്ത് ബ്രിട്ടിഷ് ഗവണ്മെന്റ് ഇന്ത്യയില്‍ നടപ്പിലാക്കിയ ഉപ്പുനിയമം ലംഘിക്കാനായിരുന്നു ഈ യാത്ര നടത്തിയതും തുടര്‍ന്ന് കടല്‍ജലം വറ്റിച്ച് ഉപ്പ് ഉണ്ടാക്കിയതും. ബ്രിട്ടീഷുകാര്‍ ഉപ്പിന് നികുതിചുമത്തിയതിനെ എതിര്‍ത്തുകൊണ്ടുള്ള അക്രമരഹിത സമരമായിരുന്നു ഇത്. സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായി സിവില്‍ നിയമലംഘനത്തിനു നേതൃത്വം നല്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തതിനെത്തുടര്‍ന്നാണ് ഈ സമരപരിപാടി ആവിഷ്കരിച്ചത്. 1930 മാ. 12 മുതല്‍ ഏ. 5 വരെ ആയിരുന്നു യാത്രാകാലം. ഏ. 6-ന് കടല്‍ജലം ശേഖരിച്ച് വറ്റിച്ച് ഉപ്പുണ്ടാക്കി ഉപ്പുസത്യഗ്രഹത്തിന് തുടക്കംകുറിച്ചു.

ഇന്ത്യയിലെ ഉപ്പുത്പാദനവും വിപണനവും ബ്രിട്ടിഷ് ഗവണ്മെന്റില്‍മാത്രം നിക്ഷിപ്തമാക്കിക്കൊണ്ടുള്ള നിയമമാണ് ഉണ്ടായിരുന്നത്. ഇതിനെതിരായ പ്രവര്‍ത്തനം ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമായി കണക്കാക്കിയിരുന്നു. ഉപ്പിന് ഗവണ്മെന്റ് നികുതി ചുമത്തുകയും ചെയ്തു. ഉപ്പുത്പാദനം ഉപജീവനമാര്‍ഗമാക്കിയിരുന്ന ഗുജറാത്തിലെ തീരവാസികള്‍ക്കും, തങ്ങളുടെ ആവശ്യത്തിന് വിലയ്ക്കുവാങ്ങാതെ യഥേഷ്ടം ഉപ്പുണ്ടാക്കാന്‍ കഴിയുമായിരുന്നവര്‍ക്കും ഈ നിയമംമൂലം അതിനു സാധിക്കാതെവന്നു. നിയമം ഭേദഗതി ചെയ്യാത്തപക്ഷം അതു ലംഘിക്കുമെന്ന് അന്നത്തെ വൈസ്രോയി ആയിരുന്ന ഇര്‍വിന്‍പ്രഭുവിന് ഗാന്ധിജി കത്തെഴുതി

മാര്‍ച്ച് 12-ന് സബര്‍മതി ആശ്രമത്തില്‍നിന്ന് ഗാന്ധി യാത്ര തിരിച്ചു. ആശ്രമത്തിലെ അന്തേവാസികളും ഒപ്പമുണ്ടായിരുന്നു. നാലുജില്ലകളും അന്‍പതോളം ഗ്രാമങ്ങളും കടന്ന് കാല്‍നടയായി 23 ദിവസംകൊണ്ട് 320 കി.മീ. അകലെയുള്ള ലക്ഷ്യസ്ഥാനത്തെത്തി. യാത്രാമധ്യേ നിരവധി സത്യഗ്രഹികള്‍ ഇവരോടൊപ്പം ചേര്‍ന്നു. ഏറെ ജനപിന്തുണ ലഭിച്ച യാത്രയായിരുന്നു അത്. നിരവധി പേര്‍ക്ക് പൊലീസിന്റെ മര്‍ദനമേറ്റു. ഏപ്രില്‍ 6-ന് പ്രഭാതപ്രാര്‍ഥനക്കുശേഷം കടല്‍വെള്ളം തിളപ്പിച്ചുവറ്റിച്ച് ഉപ്പുണ്ടാക്കി നിയമലംഘനം നടത്തി.
മഹാത്മാഗാന്ധി ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ദണ്ഡിയാത്രയുടെ 75-ാം വാര്‍ഷികം 2005-ല്‍ ആഘോഷിച്ചു (മാര്‍ച്ച്-ഏപ്രില്‍). ഗാന്ധിജി യാത്ര ചെയ്ത അതേ സ്ഥലങ്ങളിലൂടെ അത്രയുംതന്നെ ദിവസമെടുത്ത് യാത്രചെയ്താണ് ദണ്ഡി യാത്രയുടെ സ്മരണ പുതുക്കിയത്. ഇന്ത്യന്‍ തപാല്‍ വകുപ്പ് ദണ്ഡിയാത്രാ സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. നോ: ഉപ്പുസത്യഗ്രഹം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

URVEY ON PLASTIC POLLUSION AND ITS ENVIRONMENTAL EFFECTS

SURVEY ON PLASTIC POLLUSION AND ITS  ENVIRONMENTAL EFFECTS By  Abhilash chandran Abstract: The survey was done to analyze the ...