2018, ജൂലൈ 9, തിങ്കളാഴ്‌ച

തത്ത്വമസി

ഛന്ദോഗ്യോപനിഷത്തിലെ മഹാവാക്യം. ഏകതത്ത്വവാദം അഥവാ സാത്മീകരണ സിദ്ധാന്തം. 'അത് നീയാകുന്നു' എന്ന അര്‍ഥത്തോടു കൂടിയ വേദവാക്യം; പരമാത്മാവും ജീവാത്മാവും ലോകവും ഒന്നുതന്നെ എന്ന തത്ത്വം. മനുഷ്യനിലെ പരമസത്യത്തെ അഥവാ ആത്യന്തിക യാഥാര്‍ഥ്യത്തെ അറിയുന്നതിനായി ഉപനിഷത്തുകളും വേദാന്ത(ഉത്തരമീമാംസ)വും ഒട്ടേറെ പ്രയത്നിച്ചിട്ടുള്ളതായി കാണാം. ആത്യന്തിക യാഥാര്‍ഥ്യം ഏകവും അദ്വിതീയവുമാണെന്നും ഈ ഏകം ആത്മീയ സ്വഭാവമുള്ളതാണെന്നും അതാണ് ബ്രഹ്മമെന്നും പ്രസിദ്ധമായ ദശോപനിഷത്തുകളും ഉപദേശിച്ചിട്ടുണ്ട്. സത്തയെക്കുറിച്ച് വേദങ്ങളും പഠനം നടത്തിയിട്ടുണ്ടെങ്കിലും ആത്മാവും പ്രപഞ്ചാത്മാവും (ജീവാത്മാവും ബ്രഹ്മവും) ഒന്നാണെന്ന നിഗമനത്തിലെത്തിയിരുന്നില്ല. ഉപനിഷത്തുകളുടെ കാലമായപ്പോള്‍ 'തത്ത്വമസി', 'അഹംബ്രഹ്മാസ്മി', 'സോഹം' തുടങ്ങിയ മഹാവാക്യങ്ങളിലൂടെ പ്രപഞ്ചാത്മാവ് ജീവാത്മാവില്‍ നിന്ന് ഭിന്നനല്ല എന്ന ഏകതത്ത്വവാദം സംശയലേശമെന്യേ സ്ഥാപിച്ചു.
'തത്ത്വമസി' എന്ന മഹാവാക്യത്തിന്റെ വാച്യാര്‍ഥം തത്-ബ്രഹ്മം, ത്വം-നീ, അസി-ആകുന്നു, എന്നാണ്. ഉദ്ദാലകന്‍ 'തത്ത്വമസി' എന്ന മഹാവാക്യം പുത്രനും ശിഷ്യനുമായ ശ്വേതകേതുവിന് ഉപദേശിച്ചപ്പോള്‍ അദ്ദേഹത്തിന് ജ്ഞാനം സിദ്ധിച്ചുവെന്ന് ശ്രുതി പരാമര്‍ശമുണ്ട്. പരബ്രഹ്മം സച്ചിദാനന്ദാത്മകവും ഏകവും അദ്വിതീയവുമാണെന്നും ഇതിനെ പ്രാപിക്കലാണ് മോക്ഷമെന്നുമാണ് വേദാന്തം അനുശാസിക്കുന്നത്. അവിദ്യ അഥവാ മായ കൊണ്ടാണ് യാഥാര്‍ഥ്യസ്ഥിതി മനസിലാക്കാതെ ദ്വൈതചിന്ത ഉടലെടുക്കുന്നതെന്ന് ശ്രീ ശങ്കരാചാര്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈവിധ്യത്തിലെ ഏകത്വം അനുഭവിച്ചറിയുന്നതാണ് മോക്ഷം എന്നും മോക്ഷ സമ്പാദനത്തിന് കര്‍ശനമായ ശിക്ഷണം കൂടിയേ തീരുവെന്നും ഉപനിഷദ് വചനങ്ങള്‍ അനുശാസിക്കുന്നുണ്ട്. ഇതിനായി 'ശ്രവണമനനനിദിധ്യാസനാദി'കളായ ജ്ഞാനസമ്പാദന മാര്‍ഗങ്ങളെപ്പറ്റിയും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഏകവും അനശ്വരവും അപരിമേയവും സ്വയംപ്രകാശ ചൈതന്യവുമായ ആത്മാവിനെ 'അതു നീ തന്നെയാകുന്നു' എന്ന് അറിയുന്ന പ്രക്രിയയെ ആണ് 'തത്ത്വമസി' എന്ന മഹാവാക്യത്തിലൂടെ വ്യക്തമാക്കുന്നത്.
ജീവാത്മാവ് അവിദ്യഹേതുകമായാണ് മായയാകുന്ന പരിമിത ദര്‍പ്പണത്തിലൂടെ പ്രതിബിംബിക്കുന്നത്. അതുകൊണ്ടാണ് യാഥാര്‍ഥ്യം മനസ്സിലാക്കാനാകാതെ പോകുന്നത്. ആത്യന്തികസത്യത്തിലേക്കുള്ള ഏകമാര്‍ഗം വേദാന്തപഠനവും വേദാന്തപഠനത്തിന് നേരത്തെ പരാമര്‍ശിക്കപ്പെട്ട ശ്രവണമനനാദികളായ സാധന ചതുഷ്ടയങ്ങളും അത്യന്താപേക്ഷിതമാണ്. പരമാത്മജ്ഞാനം സിദ്ധിച്ചാല്‍ 'അതു നീ തന്നെയാണ്' എന്ന യാഥാര്‍ഥ്യം അഥവാ കൈവല്യ പ്രാപ്തി സമാഗതമാകുന്നു. 'തത്ത്വമസി'ക്ക് രാമാനുജാ ചാര്യര്‍ നല്കുന്ന വ്യാഖ്യാനം ശങ്കരാചാര്യരുടേതില്‍ നിന്ന് തുലോം വ്യത്യസ്തമാണ്. ഒരേ വസ്തുവിന്റെ വിഭിന്ന ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ള രണ്ട് പ്രകാരങ്ങള്‍ ഒന്നാണെന്ന് സൂചിപ്പിക്കുന്നതിനാണ് ഈ മഹാവാക്യം എന്നാണ് ആചാര്യന്‍ അഭിപ്രായപ്പെട്ടത്. 'അചിദ് വിശിഷ്ട ജീവശരീരക'മായി വ്യവഹരിക്കുന്ന ജീവാത്മാവാണ് 'നീ'; 'അത്', സര്‍വേശ്വരനും. ഇതു പറയുമ്പോള്‍ രണ്ടും ഭേദമുള്ളതാണെങ്കിലും ഒന്നാണ് എന്നാണ് രാമാനുജന്‍ വിശദമാക്കുന്നത്. ഈ പരവിദ്യ അറിയുന്നവന്‍ സര്‍വപാപമുക്തനും ശ്രേഷ്ഠമായ സ്വര്‍ലോകത്തിന് അവകാശിയുമായിത്തീരുന്നു എന്നാണ് സങ്കല്പം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

URVEY ON PLASTIC POLLUSION AND ITS ENVIRONMENTAL EFFECTS

SURVEY ON PLASTIC POLLUSION AND ITS  ENVIRONMENTAL EFFECTS By  Abhilash chandran Abstract: The survey was done to analyze the ...