2018, ജൂലൈ 9, തിങ്കളാഴ്‌ച

ആംതേ, ബാബാ

ഇന്ത്യയിലെ സുപ്രസിദ്ധ സാമൂഹിക പ്രവര്‍ത്തകന്‍. മഹാരാഷ്‌ട്രയിലെ വാര്‍ധാ ജില്ലയില്‍ ഹിന്‍ഗന്‍ ഘട്ടില്‍ ദേവിദാസിന്റെയും ലക്ഷ്‌മിബായിയുടെയും മകനായി ജനിച്ചു. മുരളീധര്‍ ദേവിദാസ്‌ ആംതേ എന്നായിരുന്നു യഥാര്‍ഥ നാമം. "ബാബ ആമ്‌തേ' എന്ന പേരിലാണ്‌ അറിയപ്പെട്ടത്‌. നിയമ വിദ്യാഭ്യാസത്തിനുശേഷം വാര്‍ധയില്‍ അഭിഭാഷകനായി ജോലിനോക്കി. തുടര്‍ന്ന്‌ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി. 1942-ല്‍ ജയിലില്‍ അടയ്‌ക്കപ്പെട്ടു. ജീവിതത്തിലുടനീളം ഗാന്ധിയനാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച ഇദ്ദേഹം ഗാന്ധിജിക്കൊപ്പം സേവാഗ്രാം ആശ്രമത്തില്‍ കുറച്ചുകാലം ചെലവഴിച്ചു. എന്നാല്‍ ഗാന്ധിജിയില്‍നിന്ന്‌ ആംതേയെ വ്യത്യസ്‌തനാക്കിയത്‌ ഇദ്ദേഹം നിരീശ്വരവാദിയായിരുന്നുവെന്നതാണ്‌.

കുഷ്‌ഠരോഗികള്‍ സാമൂഹികമായി ബഹിഷ്‌കൃതരും, വെറുക്കപ്പെട്ടവരുമായിരുന്ന കാലത്താണ്‌ ആംതേ കുഷ്‌ഠരോഗികള്‍ക്കായുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്‌. കുഷ്‌ഠരോഗികളുടെ സംരക്ഷണത്തിനുവേണ്ടി സ്വജീവിതം സമര്‍പ്പിക്കുകയായിരുന്നു ആംതേ. 1949-ല്‍ നെഹ്‌റുവിന്റെ പ്രത്യേക അനുമതിയോടെ "കല്‍ക്കത്ത സ്‌കൂള്‍ ഒഫ്‌ ട്രോപ്പിക്കല്‍ മെഡിസിനി'ല്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കിയെങ്കിലും ആംതേക്കു സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചില്ല. അവിടത്തെ പരീക്ഷണത്തിനായി കുഷ്‌ഠരോഗാണുക്കളെ സ്വന്തം ശരീരത്തില്‍ കുത്തിവയ്‌ക്കാന്‍പോലും ആംതേ തയ്യാറായി. എന്നാല്‍ രോഗാണുക്കള്‍ ആംതേയെ ബാധിക്കാതിരുന്നതുകൊണ്ട്‌ പരീക്ഷണം ഉപേക്ഷിച്ചു. കുഷ്‌ഠരോഗികളുടെ പുനരധിവാസത്തിനുവേണ്ടി ഒരു ഗ്രാമം തന്നെ ആരംഭിക്കുകയും, അവരില്‍ ആത്മാഭിമാനവും ആത്മവിശ്വാസവും വളര്‍ത്തുന്നരീതിയില്‍ അവിടത്തെ പ്രവര്‍ത്തനങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്‌തു. കൃഷി, സ്വയംതൊഴില്‍, ബാങ്ക്‌, പോസ്റ്റോഫീസ്‌, ആശുപത്രിസൗകര്യങ്ങള്‍, കുടില്‍വ്യവസായം, അനാഥാലയം, വൃദ്ധസദനം, സ്‌കൂള്‍, കോളജുകള്‍, അന്ധവിദ്യാലയം, ബധിരമൂക വിദ്യാലയം, വികലാംഗ തൊഴില്‍ പരിശീലനം തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ ഈ ഗ്രാമങ്ങളെ ശക്തിപ്പെടുത്തി. ആനരുവന്‍ ആശ്രമത്തില്‍ 5000-ത്തോളം പേര്‍ നിവസിക്കുന്നു. കൂടാതെ സോമനാഥ, അശോകവന്‍ ആശ്രമങ്ങളും കുഷ്‌ഠരോഗികള്‍ക്കായി ഇദ്ദേഹം ആരംഭിച്ചതാണ്‌. ഗാന്ധിയുടെ സ്വാശ്രയ ഗ്രാമം എന്ന സങ്കല്‌പമാണ്‌ ഗ്രാമനിര്‍മാണത്തിന്‌ ആംതേയെ പ്രചോദിപ്പിച്ചത്‌.
പദ്‌മശ്രീ (1997), പദ്‌മവിഭൂഷണ്‍ (1986), ദലിത്‌ മിത്ര അവാര്‍ഡ്‌, രാഷ്‌ട്രീയ ഭൂഷണ്‍ (1978), ഇന്ദിരാഗാന്ധി സ്‌മാരക അവാര്‍ഡ്‌ (1985), ഗാന്ധി സമാധാന സമ്മാന്‍ (1999), അംബേദ്‌കര്‍ അന്താരാഷ്‌ട്ര പുരസ്‌കാരം (1999) തുടങ്ങി നാല്‌പതോളം അവാര്‍ഡുകള്‍ ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. പരിസ്ഥിതി, വനസംരക്ഷണം, നര്‍മദാ-പദ്ധതിപ്രദേശത്തെ കുടിയിറക്ക്‌ പ്രശ്‌നം, അഴിമതി വിരുദ്ധസമരങ്ങള്‍ തുടങ്ങിയ ബഹുവിധ സമര മുഖങ്ങളില്‍ ജീവിതാവസാനംവരെ ഇദ്ദേഹം സജീവമായിരുന്നു. 2008 ഫെ. 9-ന്‌ ബാബാ ആംതേ ആനന്ദ്‌വനില്‍വച്ച്‌ മരണമടഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

URVEY ON PLASTIC POLLUSION AND ITS ENVIRONMENTAL EFFECTS

SURVEY ON PLASTIC POLLUSION AND ITS  ENVIRONMENTAL EFFECTS By  Abhilash chandran Abstract: The survey was done to analyze the ...