2018, ജൂലൈ 9, തിങ്കളാഴ്‌ച

കേളപ്പന്‍, കെ.

കേരളഗാന്ധി' എന്ന അപരനാമത്താല്‍ ആദരണീയനായ സര്‍വോദയ നേതാവ്. പയ്യോളിക്കടുത്ത് മൂടാടിയില്‍ 1890 സെപ്. 9-ന് ജനിച്ചു. തേല്‍പോയില്‍ കണാരന്‍ നായരും കൊഴപ്പള്ളിയില്‍ കുഞ്ഞമ്മയുമായിരുന്നു മാതാപിതാക്കള്‍. കൊയിലാണ്ടി, തലശ്ശേരി എന്നിവിടങ്ങളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസവും കോഴിക്കോട്ടും മദ്രാസിലുമായി കോളജു വിദ്യാഭ്യാസവും നിര്‍വഹിച്ച് ഡിഗ്രിയെടുത്തു. 1912-ല്‍ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടു. 1914-ല്‍ കേളപ്പന്‍ നായര്‍ ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമന്‍സ് ഹൈസ്കൂളില്‍ അധ്യാപകനായിരുന്ന കാലത്താണ് മന്നത്ത് പദ്മനാഭപിള്ളയുമായി പരിചയപ്പെട്ടത്. ജാതിക്കും അയിത്തത്തിനുമെതിരായി സാമൂഹികരംഗത്ത് രൂപംകൊണ്ടിരുന്ന ചിന്താധാരകള്‍ ഇരുവരിലും ഏറെ സ്വാധീനത ചെലുത്തിയിരുന്നു. ഈ മനോഭാവത്തിന്റെ ഫലമായി കേളപ്പന്‍ തന്റെ ജാതിദ്യോതകമായ നാമഭാഗം എടുത്തുകളഞ്ഞു. അക്കാലത്തു രൂപംകൊണ്ട 'നായര്‍ സമുദായ ഭൃത്യജനസംഘ'ത്തിന്റെ (എന്‍.എസ്.എസ്സിന്റെ) സ്ഥാപക പ്രസിഡന്റുപദവി കേളപ്പനാണ് അലങ്കരിച്ചത്. എന്‍.എസ്.എസ്സിന്റെ ആദ്യത്തെ സ്കൂള്‍ കറുകച്ചാലില്‍ സ്ഥാപിതമായപ്പോള്‍ അതിന്റെ ഹെഡ്മാസ്റ്ററായി ഇദ്ദേഹം നിയമിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ സഹധര്‍മിണി തിക്കോടിയില്‍ അമ്മാളു അമ്മ ആണ്.
1920-ല്‍ ഇദ്ദേഹം നിയമവിദ്യാഭ്യാസത്തിന് മുംബൈക്കു പോയി. ആയിടയ്ക്കാണു മഹാത്മാഗാന്ധിയുടെ നിസ്സഹകരണപ്രസ്ഥാനത്തിനുള്ള ആഹ്വാനമുണ്ടായത്. ആദര്‍ശധീരനായ കേളപ്പന്‍ നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ കേരളത്തിലേക്കു മടങ്ങി. പൊന്നാനി താലൂക്കിലെ കോണ്‍ഗ്രസ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ചുരുങ്ങിയ കാലംകൊണ്ട് ഇദ്ദേഹം കേരളത്തിലെ നിസ്സഹകരണപ്രസ്ഥാനത്തിന്റെ സാരഥിയായി ഉയര്‍ന്നു. പല പ്രാവശ്യം ഇദ്ദേഹത്തിനു ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

1921-ല്‍ മലബാറില്‍ പൊട്ടിപ്പുറപ്പെട്ട 'മാപ്പിളലഹള' ഒരു പരിധിവരെ ശമിപ്പിക്കുന്നതിന് കേളപ്പന്റെ സമയോചിതമായ ഇടപെടലുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. അവര്‍ണഹിന്ദുക്കളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി 1924-ല്‍ ആരംഭിച്ച വൈക്കം സത്യഗ്രഹത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന കേളപ്പന്‍ ഇതോടനുബന്ധിച്ച് ജയിലിലടയ്ക്കപ്പെട്ടു. 1924-ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രൂപവത്കരിച്ച അയിത്തോച്ചാടാനക്കമ്മിറ്റിയുടെ അധ്യക്ഷനായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1929-ല്‍ മാതൃഭൂമിയുടെ പത്രാധിപരായി. 'ദണ്ഡി' സത്യഗ്രഹജാഥയെ അനുകരിച്ച് 1930-ല്‍ ഇദ്ദേഹം കോഴിക്കോട്ടുനിന്നും പയ്യന്നൂര്‍ക്ക് ഉപ്പുസത്യഗ്രഹജാഥ നയിച്ചു.
മലബാറിലെ തീണ്ടല്‍ജാതിക്കാരുടെ സഞ്ചാരം, സ്കൂള്‍ പ്രവേശനം മുതലായ മൌലികസ്വാതന്ത്യ്രങ്ങള്‍ക്കും അയിത്തോച്ചാടനത്തിനുംവേണ്ടി ഇദ്ദേഹം നിരവധി പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കേളപ്പനും ആനന്ദതീര്‍ഥനും ചേര്‍ന്നു നയിച്ച കല്യശ്ശേരി സമരം. പുരോഗമന ആശയക്കാരെ ചേര്‍ത്തു 'അന്ത്യജോദ്ധാരണസംഘം' രൂപവത്കരിച്ചു പ്രവര്‍ത്തിച്ചിരുന്നു. അയിത്തജാതിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെ ലാക്കാക്കി മൂടാടി, മാടായി, വടകര മുതലായ സ്ഥലങ്ങളില്‍ വിദ്യാലയങ്ങളും ഹോസ്റ്റലുകളും ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 'തീണ്ടല്‍' ജാതിക്കാര്‍ക്കു പ്രവേശനം ലഭിക്കുന്നതിനുവേണ്ടി 1931-ല്‍ കേളപ്പന്‍ നേതൃത്വം നല്കിയ ഒരു സത്യഗ്രഹം നടന്നു. പത്തു മാസങ്ങളോളം നീണ്ടുനിന്ന പ്രസ്തുത സത്യഗ്രഹം മഹാത്മാഗാന്ധി ഇടപെട്ടാണ് അവസാനിപ്പിച്ചത്.
1936-ല്‍ കേളപ്പന്‍ മാതൃഭൂമി പത്രത്തിന്റെ പത്രാധിപത്യം വീണ്ടും ഏറ്റെടുത്തു. കെ.പി.സി.സി.-യിലും എ.ഐ.സി.സി.-യിലും അംഗമായിരുന്ന ഇദ്ദേഹം കെ.പി.സി.സി.-യുടെ പ്രഥമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1938-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ആദ്യത്തെ പ്രസിഡന്റായി. 1939-ല്‍ ഗാന്ധിജി വ്യക്തിസത്യഗ്രഹത്തിനു ആഹ്വാനം നല്കിയപ്പോള്‍ ആ രംഗത്തും ഒന്നാമന്‍ കേളപ്പനായിരുന്നു. വിദേശ വസ്ത്രബഹിഷ്കരണം, ഖാദിപ്രചാരണം എന്നിവ അഭംഗുരം നിര്‍വഹിച്ചു. മദ്യഷാപ്പു പിക്കറ്റിങ്, അയിത്തോച്ചാടനം എന്നിവയും തന്റെ കര്‍മപരിപാടിയില്‍പ്പെടുത്തിയിരുന്നു. ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ചുള്ള ജയില്‍വാസവും കഴിഞ്ഞു പുറത്തുവന്ന കേളപ്പന്‍ കെ.പി.സി.സി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ സമരരംഗത്ത് ഇദ്ദേഹം അദ്വിതീയനായിരുന്നു. തന്മൂലം പല പ്രാവശ്യം കെ.പി.സി.സി.-യുടെ പ്രസിഡന്റുസ്ഥാനത്തിന് ഇദ്ദേഹം അര്‍ഹനായി.
ഐക്യകേരളം എന്ന ആശയം 1948-ല്‍ ഉരുത്തിരിഞ്ഞപ്പോള്‍ അതിന്റെ വക്താവായിട്ടും കേളപ്പനെ മുന്നില്‍ കാണാമായിരുന്നു. ഐക്യകേരളരൂപവത്കരണകമ്മിറ്റിയുടെ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. 1951-ല്‍ കോണ്‍ഗ്രസ്സില്‍നിന്നും രാജിവച്ച് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. പിന്നീട് ജെ.ബി. കൃപലാനിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുടെ നേതാവായി. 1952-ല്‍ ആ പാര്‍ട്ടിയുടെ ടിക്കറ്റില്‍ പൊന്നാനിയില്‍നിന്നും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1953-ല്‍ രൂപംകൊണ്ട പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് എന്ന നിലയിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇദ്ദേഹം 1954-ല്‍ സമദര്‍ശിയുടെ പത്രാധിപരായി. ആത്മാര്‍ഥതയും നിഷ്കളങ്കതയും മുഖമുദ്രയായുള്ള ഈ രാഷ്ട്രീയനേതാവ് 1955-ല്‍ രാഷ്ട്രീയത്തില്‍നിന്നും വിരമിച്ചു. അനന്തരകാല ജീവിതലക്ഷ്യം ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരിക എന്നുള്ളതായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ജീവിതം സര്‍വോദയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്നു. ഖാദിപ്രസ്ഥാനം, ചര്‍ക്കാസംഘം, ഹിന്ദിപ്രചാരണം മുതലായവയില്‍ ഇദ്ദേഹം ശേഷിച്ചകാലം ചെലവഴിച്ചു. തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപജ്ഞാതാവും കേളപ്പനായിരുന്നു. അനീതിയും അക്രമവും ഇദ്ദേഹം സഹിച്ചിരുന്നില്ല. അവയ്ക്കെതിരെ വിരാമമില്ലാതെ ഇദ്ദേഹം പോരാടി. 1959-ല്‍ തിരുനാവായയിലും 1968-ല്‍ അങ്ങാടിപ്പുറം തളിക്ഷേത്രസമരം സംബന്ധിച്ചും ഇദ്ദേഹം നടത്തിയ ഉപവാസം ഇവയ്ക്ക് ഉദാഹരണങ്ങളാണ്.
'പദ്മശ്രീ' നല്കി ആദരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹം ആ ബഹുമതി നിരസിക്കുകയാണുണ്ടായത്. 1971 ഒ. 6-ന് ഇദ്ദേഹം അന്തരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

URVEY ON PLASTIC POLLUSION AND ITS ENVIRONMENTAL EFFECTS

SURVEY ON PLASTIC POLLUSION AND ITS  ENVIRONMENTAL EFFECTS By  Abhilash chandran Abstract: The survey was done to analyze the ...